വെറ്ററിനറി സർവകലാശാലയിൽ പുതിയ തസ്തികകൾ; ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടും

Written by Taniniram1

Published on:

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 156 അസി. പ്രഫസർ തസ്തികകൾ കൂടി സൃഷ്ടിക്കാനുള്ള ബോർഡ് ഓഫ് മാനേജ്മെന്റിന്റെ തീരുമാനം അനധികൃതമാണെന്ന പരാതിക്ക് എതിരെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടും. കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്തത് ഉൾപ്പെടെ പല വിഷയങ്ങളിലും സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ, വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണു സൂചന. റിപ്പോർട്ട് ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് വൈസ് ചാൻസലർക്ക് കത്തയയ്ക്കും.

അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ഭരണസമിതി നീക്കം തടയണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നിയമ വിദ്ഗധരുമായി കൂടിയാലോചിച്ച് ബോർഡ് ഓഫ് മാനേജ്മെന്റിന്റെ തീരുമാനം റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട്.

Leave a Comment