തൃശൂർ∙ വെങ്കിടങ്ങിലെ ചുവരെഴുത്ത് മായ്പിച്ച് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചുവരെഴുത്താണ് പ്രതാപൻ തന്നെ ഇടപെട്ട് മായ്പ്പിച്ചത്. ചിഹ്നം മാത്രം വരയ്ക്കാനാണ് നിർദേശം നൽകിയതെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിർദേശം നൽകിയിരുന്നതായും ടി.എൻ പ്രതാപൻ വ്യക്തമാക്കി.
‘നിലവിലെ സിറ്റിങ് എം.പിയുടെ പേരെഴുതി, പാർട്ടിയെ വിജയിപ്പിക്കണമെന്നാണ് പ്രവർത്തകർ ചുവരെഴുത്ത് നടത്തിയത്. മായ്ക്കാൻ കർശന നിർദേശം നൽകി. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപ് സ്ഥാനാർഥിയുടെ പേരെഴുതി പ്രചാരണം നടത്താൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം താഴെത്തട്ടിലെ പ്രവർത്തകർക്കു നൽകിയിട്ടുണ്ട്. ചിഹ്നം മാത്രം വരയ്ക്കാനാണ് നിർദേശിച്ചത്. എഴുതിയ പേരുകളെല്ലാം തന്നെ മായ്പ്പിച്ചു.’– പ്രതാപൻ പറഞ്ഞു.
ടി.എൻ. പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നുരാവിലെയാണ് വെങ്കിടങ്ങ് കവലയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഇത്തരത്തിലൊരു ചുവരെഴുത്ത് നടത്തിയത്. മണ്ഡലത്തിലാകെ മുന്നൂറിടങ്ങളിൽ ചുവരെഴുത്തു നടത്താൻ പ്രവർത്തകർക്കു നിർദേശം നൽകിയിരുന്നു. ചിഹ്നവും മുദ്രാവാക്യവും ഉൾപ്പെടുത്തിയുള്ള ചുവരെഴുത്തു നടത്താനായിരുന്നു ആഹ്വാനം.