കൊടുങ്ങല്ലൂർ: വരാനിരിക്കുന്ന നാലു വർഷ ബിരുദ കോഴ്സിനെ വരവേൽക്കാൻ മുന്നൊരുക്ക ശിൽപശാലയുമായി കെ.കെ.ടി.എം ഗവ. കോളജ്. അടുത്ത വർഷം മുതൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളെ മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് ശിൽപശാല.
ശാസ്ത്ര പ്രൊജക്ടുകളുടെ സങ്കീർണതകളും ചിലവും കുറക്കാനുള്ള ഉപകരണം പ്രചരിപ്പിക്കാനുള്ള ശ്രമത്തിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയും കെ.കെ.ടി.എം. ഗവ. കോളജ് ഭൗതിക ശാസ്ത്രവിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളജുകളിൽ നിന്നായി അമ്പതോളം അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന പരിശീലന ശിൽപശാല പ്രിൻസിപ്പൽ ഡോ. ടി.കെ. ബിന്ദു ഷർമിള ഉദ്ഘാടനം ചെയ്തു.
ഡോ. ലൗലി ജോർജ്, ഡോ. എൻ.പി. ധന്യ, അരുൺ എന്നിവർ സംസാരിച്ചു. ഇന്റർ യൂനിവേഴ്സിറ്റി ആക്സിലറേഷൻ സെന്റർ (ഐ.യു.സി.എ) ഡൽഹിയിലെ മുൻ ശാസ്ത്രജ്ഞനായ ഡോ. പി.ബി. അജിത് കുമാർ, ഫാറൂഖ് കോളജ് മുൻ ഫിസിക്സ് വിഭാഗം തലവൻ ഡോ. കെ.കെ. അബ്ദുല്ല എന്നിവരാണ് പരിശീലകർ.